(www.panoornews.in) ഡൽഹിയിലെ സ്വകാര്യ സ്‌കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ ലഭിച്ചത്.


വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇ- മെയിൽ സന്ദേശമെത്തിയതിന് പിന്നാലെ ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഫയർ ബ്രിഗേഡ് ടീമുകൾ എന്നിവർ സ്കൂളിലെത്തി സമഗ്രമായ തെരച്ചിൽ നടത്തി. എന്നാൽ സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ലെന്നും ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
സൈബർ സംഘം പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയിൽ നിന്നാണ് ഇ-മെയിൽ എത്തിയതെന്ന് കണ്ടെത്തി. 'പ്രായപൂർത്തിയാകാത്ത കുട്ടിയെ പിടികൂടി. ചോദ്യം ചെയ്യലിൽ പരീക്ഷയെ ഭയന്നാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കുട്ടി സമ്മതിച്ചു', ഉദ്യോഗസ്ഥർ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കുട്ടിക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Fifth-grader arrested for making fake bomb threat to school due to exam fear
